Sunday, February 27, 2022

എന്‍റെ മിന്നാമിനുങ്ങ് .

 


എന്‍റെ മിന്നാമിനുങ്ങ് .

നീയില്ലാത്ത പകലുകൾക്ക് നീളം കൂടുന്നു ... രാത്രികൾക്കു ഇരുട്ടും ...

പകൽ സൂര്യന്‍റെ ചൂടിൽ ഒരുകിയ ഭൂമിയുടെ നെഞ്ചിൽ നിന്നുയരുന്ന ചൂടിൽ രാത്രി ഉറക്കം വിട്ട് നീ ഉണരുന്നതും കാത്ത് ഞാൻ ഉറങ്ങാതെ ഇരിക്കുന്നുണ്ട്  ഇവിട ഈ കരയിൽ ഒറ്റക്ക്

അങ്ങ്‌ അകലെ ബാങ്ക് വിളിയുടെ ഒച്ച കേൾക്കുന്നു ..

എന്റെ മനസ്സിൽ മെറൂൺ പാവാടയും വെള്ള ഉടുപ്പും ഇട്ടു മകര മാസത്തിലെ തണുപ്പിൽ നീ നടന്നു വരുന്ന രൂപം നിന്‍റെ മുറിയിലെ പതിവ് മിന്നാമിനുങിന്‍റെ വെട്ടം പോലെ തെളിയുന്നു ....

നിന്‍റെ ചിരി എന്റെ ഹൃദയമിടിപ്പു കൂട്ടുന്നു ...

ഇതൊന്നും അറിയാതെ പുഴ ഒഴുകി കൊണ്ടേ ഇരിക്കുന്നു ....

നിന്‍റെ കഥയിലെ വില്ലൻ ആകാൻ അല്ല ഞാൻ മോഹിക്കുന്നതു , അത് കൊണ്ട് മാത്രം .. അന്നും ഇന്നും എന്റെ സ്വപ്നങ്ങൾ ഒഴുകുന്ന പുഴയിൽ ഞാൻ മുക്കി കളയുന്നു .....മുങ്ങി നിവരുന്ന എന്‍റെ കണ്ണിലെ കണ്ണീരിനെ നീ പുഴ വെള്ളമായി കളിയാക്കുന്നത് ആണ് എന്റെ ജീവിതം ശൂന്യമാക്കുന്നത്

നിന്‍റെ മുറിയിലെ മിന്നാമിനുങ്ങായി എങ്കിലും എന്നെ പ്രകാശിക്കാൻ അനുവദിക്കില്ലേ


രാത്രിയുടെ അന്ത്യ യാമങ്ങളിൽ ഒറ്റപെടലിന്റ വേദനയും , നഷ്ടപെടലിന്‍റെ നിരാശയും ഒന്ന് ചേരുമ്പോൾ ആണല്ലോ മനസിന്റെ വേദനകൾ അക്ഷരങ്ങളായി പുറത്തേക്ക് വരുന്നത്....






Wednesday, February 24, 2021

അഹം

 







അഹം / ലൂയിസ് പീറ്റർ


നിള പോലെയാണിന്നു ഞാൻ

ഒഴുകാനാവുന്നില്ല

ആരോ എന്നെ കോരിയെടുക്കുന്നു

നിശ പോലെയാണിന്നു ഞാൻ

ഉറങ്ങാനാവുന്നില്ല

ഒരു നിലാവ്‌ എന്‍റെ മിഴികളിൽ

അണയാതെ നിൽക്കുന്നു

ചതിയനാണിന്നെന്‍റെ ദൈവം

അതിരാവിലെ

ഒരു കഠിന വേദന കരളിൽ തന്നു

മൊത്തിക്കുടിക്കേണ്ട

തൊട്ടുകൂട്ടാൻപോലും അല്പം

വിഷം തന്നില്ലയൊപ്പം

ഹേ, ബാംസുരി

നിന്റെ ഇടറിയ ജപശ്രുതി

ഇനിയുമെന്‍റെ കാതിൽ പകരരുത്‌ .


വസന്തം ഇങ്ങനെ ആണെങ്കില്‍ പൂക്കളോടുപോലും ഞാന്‍  കലഹിച്ചു പോകും....


Thursday, January 28, 2021

നിത്യവസന്തം


ചന്ദ്രകിരണത്തിൻ ശോഭയിൽ കണ്ടു ഞാൻ 

ചന്ദന നിറമുള്ള പ്രെകൃതി  തൻ രൂപത്തെ 

ആ നിറമേതും നിറഞ്ഞതെൻ ആത്മാവിൽ 

ശൂന്യതയിലേക്കൊരു വെള്ളി വെളിച്ചമായി 

നിറങ്ങളെ സ്നേഹിച്ചു നിന്നെയും സ്നേഹിച്ചു 

നിന്നിലലിയുന്നു നിറഞ്ഞ മനസുമായ്‌ 

സ്വീകരിക്കില്ലേ  നീ എന്നെ നിൻ 

നിറമുള്ള നിത്യവസന്തമായിത്തീരുവാൻ ...

Sunday, December 13, 2020

കാലം...

 






നിനക്കായ്‌ കരുതിയ പൂക്കൾ വാടി കൊഴിഞ്ഞു 

നീ ചൂടിയ പൂക്കൾ കരിഞ്ഞു ഉണങ്ങി 

ഒരുമിച്ചു നനഞ്ഞ മഴകൾ പെയ്തു തീർന്നു വെയിൽ നിറഞ്ഞു , കനവുകളും കിനാക്കളും വീണ്ടും വീണ്ടും തളിർക്കുന്നു 

ഇതൊന്നും അറിയതെ കാലം പായുന്നു 

നിലയില്ലാ കയത്തിൽ ഞാൻ ദിക്കറിയതെ ഇങ്ങനെ പൊങ്ങിയും താണും ....



Tuesday, September 22, 2020

അവനായ്......

 



അവനായ്...

പുതിയ ഓഫിസിലെ ജോലി തുടങ്ങിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ , എല്ലാം ഒരു ഓര്‍ഡര്‍ ആക്കി വരുന്നു , പുതിയ കുറെ ആള്‍ക്കാര്‍, പുതിയ ചുറ്റുപാട് അങ്ങനെ ഒക്കെ


അങ്ങനെ ഒരു ദിവസം ആണ് എനിക്ക് ആ കാള്‍ വരുന്നേ ബ്രാഞ്ച് ഓഫിസില്‍ നുന്നും അവന്റെ കാള്‍ , എന്തൊക്കെയോ ദേക്ഷ്യപെട്ട് പറഞ്ഞു ഞാനും അതേ രീതിയില്‍ മറുപടി കൊടുത്തു ,തലേ ദിവസത്തെ ഒരു റിപ്പോര്‍ട്ട്‌ന്റെ പ്രശ്നം ആണ് , പിന്നീടു തിരക്കിയപ്പോ ആണ് അറിഞ്ഞേ ബ്രാഞ്ചിലെ പഴയ സ്റ്റാഫ് ആണ് അവന്‍ എന്നെക്കാള്‍ പ്രായം കുറവ്, അങ്ങനെ കുറെ വിവരങ്ങള്‍


പുതിയ ഓഫിസ് അങ്ങനെ പരിചിതമായി വന്നു, അപ്പൊ ആണ് ബ്രാഞ്ചിലെ എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു സ്റ്റാഫ് ജോലി രാജി വെച്ചത് അപ്പൊ എന്നെ അവിടേക്ക് ട്രാന്‍സ്ഫര്‍ ചയ്തു അങ്ങനെ അവിടെ എത്തിയപ്പോ ആണ് അവനെ ആദ്യമായി കണ്ടത് , ഇരുണ്ട നിറം നല്ല മുടി , നല്ല ചിരിയും , എവിടെയോ മുന്‍പ് പരിചയപെട്ട മുഖം പോലെ..

അങ്ങനെ അവിടെ ജോലി തുടങ്ങി അവനുമായി കൂടുതല്‍ അടുത്തു, ഒരുമിച്ചു ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ തുടങ്ങി , അങ്ങനെ പതുക്കെ പതുക്കെ അവന്‍ എനിക്ക് ആരോക്കെയോ ആയി ............

ഒരു ദിവസം എന്തോ കാര്യത്തിന് എന്റെ കാബിനില്‍ വന്ന അവന്‍ പെട്ടെന്ന് എന്റെ കൈ എടുത്തു പൊക്കി ഉമ്മ വെച്ചു, വേണ്ടാന്നു പറയാന്‍ തോന്നാഞ്ഞതോ അതോ ഞാനും അത് ആഗ്രഹിച്ചിരുന്നോ ഇന്നും അറിയില്ല..

അങ്ങനെ ആ ബന്ധം കൂടുതല്‍ ആഴത്തില്‍ ആയി...

സ്നേഹം അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി ....മുന്‍ജന്മ്ങള്‍ ഒന്നയിരുന്നപോലെ ...ആരും അറിയാത്ത ആരോടും പറയാത്ത ഒരു സ്നേഹം ....

ഞങ്ങളുടെ അടുപ്പത്തിന്റെ ആഴം അറിയില്ലെങ്കിലും ആ അടുപ്പത്തില്‍ കുറെ അസൂയാലുക്കള്‍ ഉണ്ടായിരുന്നു അവര്‍ പല രീതിയിലും ഞങ്ങളെ തെറ്റിപ്പിക്കാന്‍ ശ്രെമിച്ചു കൊണ്ടിരുന്നു പലപ്പോഴും അതില്‍ അവര്‍ വിജയിച്ചു... അങ്ങനെ ഉണ്ടാക്കിയ അകല്ച്ചകള്‍ക്കിടയില്‍ ഞാന്‍ മനസിലാക്കി അവനില്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന് , ആ അകല്‍ച്ച ഉണ്ടാക്കിയ മുറിവ് എത്ര മാത്രം ആഴത്തില്‍ ഉള്ളതാണ് എന്ന്

അവനെ കാണാന്‍ ആയി മാത്രം ഓഫിസില്‍ വരുന്നു, അവന്റെ സമയത്തിനു അനുസരിച്ച് പുറത്ത് കാത്തു നിന്ന് മിണ്ടാന്‍ ആയി നോക്കിയിരിക്കുന്നു ...അവന്‍ പോകുന്ന ബസില്‍ തന്നെ കയറുന്നു ,അവന്റെ വീട് കണ്ടെത്തി അതിന്റെ ജാലകത്തിലേക്ക് വെറുതെ നോക്കി നില്ല്ക്കുന്നത് എനിക്ക് ഹരമായി, രാത്രികള്‍ ഉറക്കം ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നു, പക്ഷെ സ്നേഹത്തിനു എന്നായാലും എത്ര കാലം എടുത്താലും അടുത്തെ മതിയകു, എന്റെ അവനോടുള്ള സ്നേഹം സത്യം ആണെന്ന് അവന്‍ മന്സിലാക്കിയിട്ടാണോ അതോ .......

അവന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി ..പതിയെ വീണ്ടും അടുത്തു അപ്പോള്‍ ഒക്കെ പഴയ പ്രശ്നങ്ങള്‍ തലപൊക്കാന്‍ തുടങ്ങി ...വീണ്ടും അകലും ... അങ്ങനെ ഞാന്‍ ഒന്ന് തീരുമാനിച്ചു , പഴയ കാര്യങ്ങള്‍ അവനെ മനസിലാക്കി എടുക്കാന്‍ ശ്രെമിക്കുന്നതില്‍ കാര്യമില്ല , അതിലും നല്ലത് അവനെ പഴയതില്‍ കൂടുതല്‍ സ്നേഹിച്ചു എന്റെ ആക്കുന്നതാണ്‌ എന്ന്

അകന്നു ഇരിന്നപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനകള്‍ അവനറിയില്ലല്ലോ , അവനു പറയാന്‍ കുറെ കഴിഞ്ഞ കാര്യങ്ങള്‍ ആണെങ്കില്‍ എനിക്ക് ഇത് ജീവിതം ആണ് , മുന്നോട്ടുള്ള എന്റെ പാതയിലെ വഴിവിളക്കാണ്,

അവന്റെ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ നനയ്ക്കാതെ... മഴയത്ത് ഒരു കുടയുമായി , ഇരുട്ടില്‍ ഒരു മെഴുകിതിരിയായി, ഒറ്റക്ക് നില്‍ക്കുംബോള്‍ കാതില്‍ ഒരു വിളിയുമായി .. അങ്ങനെ എനിക്ക് കുറച്ചു സ്വകാര്യ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ അവന്‍ ഇനിയും വരും എന്ന വിശ്വാസം ഉള്ള കാലത്തോളം മാത്രം.....ഈ ജീവിതം ഇനിയും ആ മഴയത്ത്...... ആ ഇരുട്ടില്‍ ഏകനായായ് ഞാന്‍....

ഒരു ആണിനെ ആണ് സ്നേഹിച്ചാല്‍ അല്ലെങ്കില്‍ അങ്ങനെ ഉള്ള സ്നേഹവും അംന്ഗീകരിക്കുന്ന ഒരു കാലം വരില്ലേ.... ഇത് ഒരു ഉദയമാണോ അസ്തമയമാണോ .... 

ആവോ......


അവനു വേണ്ടി....അവനായ് ....................

Sunday, June 7, 2020

എന്റെ തേവരേ





സീറ്റിന്റെ അടിയിലേക്ക്‌ ഒരു ബാഗ്‌ നീക്കിവെച്ചിട്ട്‌ ചെറിയ ബാഗുമായി അപ്പർ ബർത്ത്‌കയറി അതു തലക്കൽ വെച്ച്‌ അങ്ങനെ കിടന്നു , കാഴ്ച്ചകൾ മുന്നില്‍ലെന്നാപോലെഓടിമറയുന്നു .....
ഇന്നലെ വൈകിട്ട്‌ അമ്പലകടവിലെ കുളിയും കഴിഞ്ഞു തേവരെയും തൊഴുത്‌ കുറച്ച്‌ നേരം ആൽത്തറയിൽ ഇരുന്നു , ദീപാരധന പുറത്തുനിന്നു തൊഴുതിട്ടു  കവലയിലേക്ക്‌ നടന്നു ..എതിരെ കാൽത്തളകിലുക്കി ഓടിവരുന്ന  കൊച്ചുസുന്ദരിയെ നോക്കി , കൂടെ ഉള്ള ആളിനെ നോക്കിയപ്പോൾ ഞാൻ ഒന്നു ഉലഞ്ഞോഅവളും പെട്ടന്നു കണ്ടതിന്റെ ഞെട്ടലിൽ ഒന്നു ചിരിച്ചുവോ ,  അമ്മ സാദനങ്ങൾ മേടിക്കാൻ തന്ന ലിസ്റ്റ്‌ ഉണ്ടെന്നു പോക്കറ്റിൽ ഒന്നൂടി  തപ്പി ഉറപ്പു വരുത്തി , 
ഇപ്പോൾ ഇവിടുത്തെ വഴി വിളക്കു കത്തുന്നല്ലോ.... , അവളോട്‌ അവസാനം സംസാരിച്ചതു ഇവിടെ വെച്ചാണു , അവൾ കണ്ണുതുടച്ചു പോയതു ഇപ്പോളും ഇന്നലെ കഴിഞ്ഞപോലെ ഓർമ്മയിൽ ...

എം  ഇംഗ്ലീഷിൽ കോളേജ്‌ ടോപ്പർ ആണെക്കിലും മാറിൽ കിടക്കുന്ന പൂണുലിന്റെബലം കൊണ്ടു ജോലിയില്ലാതെ അലയുന്ന കാലത്താണു കുറുപ്പ്‌ സാർ പറഞ്ഞതു വന്നു ടുട്ടോറിയലിൽ കുട്ടികൾക്ക്‌ നാലു വാക്ക്‌ പറഞ്ഞു കൊടുത്ത്‌ കൂടെ എന്നു , കുറുപ്പു സാർ എന്നെയും പടിപ്പിച്ചിട്ടുണ്ട്‌ , അങ്ങനെ അവിടെ പോകാൻ തുടങ്ങി 

അച്ചന്റെ കൂടെ വിശേഷദിവസങ്ങളിൽ തേവരെ പൂജിക്കാൻ പോകാറുണ്ടയിരുന്നു , തേവരുടെ പടച്ചോർ കൊണ്ടു ആണു അമ്മയും ഞാനും ഓപ്പോളും അച്ചനും അച്ചമ്മയും കഴിഞ്ഞിരുന്നെ ..അന്നു തേവരുടെ മുന്നിൽ ആണു ആ പാദസ്വരകിലുക്കം ആദ്യമായി കേട്ടതു , വാര്യ്ത്തെ  കുട്ടി , തേവർക്ക്‌ സ്ദിരായിതുളസിമാല കെട്ടികൊടുക്കും , കയ്യിൽ പ്രസാദം കൊടുക്കുംബോൾ തേവരെകൂടതെ എന്നെയും തൊഴുതു ,ഒരു ചിരിയും തന്നു ......

പിന്നീട്‌ കവലയിൽ ബസ്സ്‌ കയറാൻ നിന്നപ്പോൾ ആണു കണ്ടതു , കൂടെ ഉള്ള കൂട്ടുകാരൻ പറഞ്ഞു അറിഞ്ഞു പട്ടണത്തിൽ ഞാൻ പടിച്ച കോളേജിൽ ആണുപടിക്കുന്നെ എന്നു , ഞാൻ കണ്ടതായി ഓർക്കുന്നില്ല , പിന്നീട്‌ അവൾക്ക്‌ എന്നെ കോളേജിൽ വെച്ച്‌ അറിയാം എന്നു പറഞ്ഞിട്ടുണ്ടു 
പിന്നിട്‌  കാഴ്ച്ച പതിവായി ,പ്രസാദം കൊടുക്കലും......., അർച്ചന ക്കു പേരുപറഞ്ഞപ്പോൾ ആണു അറിഞ്ഞതു രോഹിണി , പേരും നാളും അതു തന്നെ ...
ഇടക്ക്‌ മൂന്നുനാലു ദിവസം കാണതെ പിന്നിടു വന്നപ്പൊ എവിടെ ആരുന്നു  എന്നുചോദിച്ചപ്പൊ ഒന്നും മിണ്ടാതെ പുറത്തേക്ക്‌ നടന്ന അവളുടെ പുറകെ ഞാനും പോയിചെരുപ്പ്‌ ഇട്ടുകൊണ്ടു അവൾ എന്നെ നോക്കാതെ പറഞ്ഞു പെൺകുട്ടികൾക്ക്‌ ചിലദിവസങ്ങളിൽ തേവരേ കാണാൻ വന്നു കൂടാന്നു കൊച്ചു തിരുമേനിക്ക്‌ അറിഞ്ഞുകൂടെ....

പിന്നിടു ഒരുനാൾ കത്താത്ത  വഴിവിളക്കിനു മുന്നിൽ വെച്ചാണു ഇഷ്ടം തുറന്നുപറഞ്ഞതും , പടിത്തം കഴിയുന്നേനു മുന്നെ കല്യാണം ഉറപ്പിക്കാൻ പോണു എന്തെക്കിലും ചെയ്യണം എന്നു അവൾ പറഞ്ഞതും  വഴി വിളക്കിന്റെ ചുവട്ടിൽവെച്ചാണു , അന്നും അത്‌ കത്തിയിരുന്നില്ല , 

ഓപ്പോൾ ആണു അച്ചനോട്‌ കാര്യ്ം പറഞ്ഞത്‌ , വാര്യരുകുട്ടിയെ ഇല്ലത്തു കയറ്റാൻ പൂണൂലിന്റെ തടസം അല്ല അച്ചൻ അമ്മയൊടു പറഞ്ഞെപകരം അഞ്ചു വയർനിറയാൻ തേവരുടെ പടച്ചോർ അല്ലാതെ വേറെ എന്തുണ്ടു , ഓപ്പൊളി നെ ആരുടെയെങ്കിലും കയ്യിൽ  എൽപ്പിക്കണ്ടെ അതിനൊക്കെ അവനു കഴിയുമെങ്കിൽവിളിച്ചൊണ്ടു വന്നോട്ടെ .
അച്ചൻ പറഞ്ഞ വാക്കുകൾ കുനിഞ്ഞ മുഖത്തൊടെ അവളൊടു പറഞ്ഞപ്പോളും വഴിവിളക്കു കത്തിയിരുന്നില്ല , ഒന്നും പറയാതെ അവൾ  നടന്നകന്നപ്പോൾ കണ്ണുകൾനിറഞ്ഞു തുളുംബിയതു ഞാൻ കണ്ടില്ലന്നു വെച്ചു തിരികെ നടന്നു ....

തീവണ്ടിയുടെ നീട്ടിയുള്ള ചൂളം വിളിയിൽ ഉണർന്നു നോക്കിയപ്പോ താഴെ ചായകൊടുക്കുന്നു , തഴെ ഇറങ്ങി ഒരു ചായ മേടിച്ച്‌ കുടിച്ചു കൊണ്ട്‌  വേഗത്തില്‍ മാറിമറിയുന്ന കാഴ്ച്ചകളിലേക്ക്‌ നോക്കിയിരുന്നു 

രാജ്യസേവനത്തിനു ജാതി വേർതിരിവ്‌ വന്നിട്ടില്ലാത്തകൊണ്ടു പൂണൂലിട്ട ഞാൻ ഇപ്പൊ പട്ടാളക്കാരൻ ആയി.

 അങ്ങനെ ഓപ്പൊളിന്റെ വേളി നടത്തി തിരികെ വീണ്ടും അതിർത്തിയിലേക്ക്‌ ......

ജയ്‌ ജവാന്‍ !

Tuesday, May 26, 2020

ഓർമ്മകൾ




ഏന്റെ വരകളിൽ നിന്റെ ഓർമ്മകൾ...

നിന്റെ ഒരു വിളിക്കായി കാത്തിരിക്കുന്ന എന്റെ വിരൽ തുംബിലെ വരികളെ,  ഞാൻ വരകളാക്കി വരച്ചതൊക്കെയും നിന്റെ ചിത്രങ്ങൾ ആയിരുന്നു , നിന്റെ ചിരിയുടെപ്രകാശത്തിൽ എന്റെ വരകൾക്കൊക്കെയും നിറങ്ങൾ ഉണ്ടായി , പകലുകളും രാത്രികളും സുന്ദരമായി , ചുട്ടുപൊള്ളുന്ന വെയിൽ എന്റെ നെഞ്ജിലെ ചൂടിൽ നീരാവിയായി , മഴ എനിക്കു ലഹരിയായതും നീ കൂടെ ഉള്ളപ്പോൾ ആയിരുന്നു ....

നീ ഇല്ലാത്ത പകലുകൾക്കു നീളം കൂടി , രാത്രിക്കു കറുപ്പും . ഇന്നു  കറുപ്പിൽ വരച്ചതൊക്കെയും മായിക്കുവാണു ഞാൻ .

നിന്റെ കാലുകള്‍ മായിച്ചപ്പോൾ നമ്മൾ ഒരുമിച്ചു നടന്ന വഴികൾ ഒക്കെയും എന്റെമുന്നിൽ തെളിഞ്ഞു വരുന്നു ...
കൈകൾ മായിച്ചപ്പോൾ നീ ചൂണ്ടി കാണിച്ച കാഴ്ച്ചകൾ തെളിയുന്നു , മാറിടം മായിച്ചപ്പോൾ എന്റെ നെഞ്ജിടുപ്പു കൂടി കൂടി വരുന്നു , കഴുത്തിൽ കൂടി ഒലിച്ചു ഇറങ്ങിയ നിന്റെ വിയർപ്പുതുള്ളികൾ എന്റെ വരയെ പടർത്തി , ചുണ്ടു മായിച്ചപ്പോൾ നീ പാടി തന്ന പാട്ടുകൾ എന്റെ ചെവിയിൽമുഴങ്ങുന്നു , മുടി മായിച്ചപ്പോൾ ഞാൻ ചൂടി തന്ന തുളസികതിർ ഊർന്നു തഴെവീണു ,  നെറ്റിയിൽ ഞാൻ ഇട്ട ചന്ദനത്തിന്റെ മണം എന്റെ മൂക്കിൽ തുളച്ചുകയറുന്നു ....

പക്ഷെ എത്ര മായിച്ചിട്ടും നിന്റെ കണ്ണുകൾ മാത്രം മായുന്നില്ല , എനിക്കു മായിക്കാൻപറ്റുന്നില്ല .... കാരണം അതു ഞാൻ വരച്ചതു എന്റെ കൈകൾ കൊണ്ടല്ല, മനസുകൊണ്ടാണുമായാതെ ബാക്കി നിന്ന കണ്ണിൽ കൂടി മായിച്ചവരകളൊക്കെയും തെളിഞ്ഞു വരുന്നു ....
ഓർമ്മളിൽ എന്ന പോലെ ....