Thursday, October 16, 2025

എന്റെ യാത്ര

 





മുന്‍ നിച്ചയിച്ചതുപോലെ രാവിലെ 8:30 നു യാത്ര തുടങ്ങി, 10 മണിക്ക് മുന്‍പുതന്നെ അവിടെ എത്തണം എങ്കിലേ കണ്ണനെ കാണാന്‍ പറ്റു, സമയക്രം അറിയില്ല 

കുറെക്കാലമായി മനസില്‍ കയറിയതാണ് ഈ യാത്ര, അവള്‍ പറഞ്ഞറിഞ്ഞ അമ്പലവും കണ്ണനും പിന്നെ അത് വെച്ച് ഞാന്‍ മനസ്സില്‍ മെനഞ്ഞെടുത്ത കുറെ ചുറ്റുപാടുകളും...

 ഗൂഗിള്‍ ചേച്ചി വഴിക്കാട്ടിയായി കൂട്ടിനുണ്ട്, അപരിചിത വഴികള്‍ ആണ്, നല്ല വഴികള്‍ ആയതു കൊണ്ട് തന്നെ ബുദ്ധിമുട്ട് ഉണ്ടായില്ല, നട അടക്കുന്ന സമയം അറിയാത്തത് കൊണ്ട് സാമാന്യം നല്ല സ്പീഡില്‍ തന്നെ ആയിരുന്നു ഡ്രൈവ്, സ്ഥലം അടുക്കും തോറും മനസ്സില്‍ എന്തൊക്കെയോ വിചാരങ്ങള്‍ മിന്നി മറഞ്ഞു.

അവള്‍ക്ക് പരിചിതമായ വഴി, അവളുടെ പ്രദേശം, അവളുടെ പരിചയക്കാര്‍, കടകള്‍, ഗ്രാമത്തിന്റെ എല്ലാ നല്ല ശീലങ്ങളും ഉള്ള പരിസരം, ദൂരെ നിന്ന് തന്നെ ആ ആല്‍ത്തറ കണ്ടു, ഗൂഗിള്‍ തപ്പിയപ്പോള്‍ ഇത് കണ്ടിരുന്നത്‌  കൊണ്ട് എത്തിയെന്നു മനസിലായി, അവളെ അവിടെ വെച്ച് കണ്ടിരുന്നു എങ്കില്‍ എന്ന് മനസ് വല്ലാതെ മോഹിച്ചിരുന്നു...അമ്പലത്തിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു ചുറ്റും ഒന്ന് കണ്ണോടിച്ചു, എന്നെ പെട്ടെന്ന് കണ്ടു അത്ഭുതത്തോടെ സുന്ദരമായ ആ ചിരിയോടെ അവള്‍ അവിടെ ഉണ്ടോ ന്നു ഞാന്‍ നോക്കി..

 പിന്നെ പതുക്കെ ഉള്ളിലേക്ക് കയറി, പുതിയ ഗോപുരത്തിന് അന്ന് തറക്കല്ലിടുന്നത് കൊണ്ട് കുറച്ചു പേര്‍ മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നു, മുന്നില്‍ ഒരു ചേച്ചി എണ്ണയും പൂജ സാധനങ്ങളും വില്ക്കുന്നുണ്ട്, ചേച്ചിയോട് തുളസി മാല ചോദിച്ചു, തീര്‍ന്നു പോയല്ലോ ന്നു പറഞ്ഞപ്പോള്‍ ഒരു നിരാശ തോന്നി, പിന്നെ പതുക്കെ മുന്നോട്ട് നടന്നു, ഞാന്‍ വരുന്നത് അറിഞ്ഞത് കൊണ്ടാവും ചെറിയ രീതിയില്‍ പൂമാല ഒക്കെ ഇട്ടു കൊടിമരവും ചുറ്റമ്പലവും അലങ്കരിച്ചിരുന്നു, കണ്ണന്റെ പിറന്നാള്‍ ആയിരുന്നു തലേ ദിവസം, അതിന്റെ ആഘോഷങ്ങളുടെ ബാക്കിപത്രമാകാം 

 നാലമ്പലത്തിനു ഉള്ളില്‍ കടക്കാനായി Tഷര്‍ട്ട്‌ ഊരി, നെഞ്ചിടിപ്പു അല്പം കൂടിയോ, കാല്‍ എടുത്തു ഭഗവാന്റെ തിരു സന്നിധിയില്‍ വെച്ചപ്പോള്‍ പെട്ടെന്ന് മഴ ചാറി, ആകാശത്ത്  നിന്ന് എന്നിക്കായി മാത്രം ആരോ പുണ്യാഹം തളിച്ചത് ആവും, ഒരു കള്ള നോട്ടവും ചെറിയ ഒരു ചിരിയോടും കൂടി ആള് എന്നെ നോക്കി ഇരിക്കുവാരുന്നു, അവല്‍ പൊതിയുമായി വന്ന കുചേലന് എല്ലാം കൊടുത്ത ഭഗവാന്‍ ആണ് മുന്‍പില്‍, എന്റെ കൈയ്യില്‍ ഭഗവാനു അര്‍പ്പിക്കാനായി ഒന്നുമില്ല, കുചേലനെ പോലെ തന്നെ എനിക്കും ഭഗവാനോട് ആവശ്യ പെടാനും ഒന്നുമുണ്ടായിരുന്നില്ല...

ഭഗവാനെ കണ്ടു മനസു നിറഞ്ഞു, തൊഴു കൈയ്യോടെ നില്ക്കു‍മ്പോള്‍ ഓര്‍ത്തു അവള്‍ എന്നും വന്നു ഇതുപോലെ കൈ കൂപ്പി നില്‍ക്കുന്ന അതേ ഇടത്ത് ആണ് ഞാനും നില്‍ക്കുന്നെ, വലം വെച്ച് തൊഴുത് വന്നപ്പോള്‍ അര്ച്ചനക്ക് ശീട്ട് എടുത്തു, തിരുനടയില്‍ വച്ചു. പിന്നെയും കുറെ നേരം അവിടെ നിന്ന് തൊഴുതു, അപ്പോളും എനിക്കായ് മഴ തുള്ളികള്‍ വീഴുന്നുണ്ടായിരുന്നു... കണ്ണന്‍ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, എനിക്ക് പറയാനായി ഒന്നും ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ തന്നെ ഞാന്‍ പറഞ്ഞിട്ട് വേണോ പുള്ളിക്കാരന് എല്ലാം അറിയാന്‍, പുറത്തെ ചൂടിന്റെ ഇടയില്‍ ദേഹത്ത് വീണ മഴ തുള്ളി കാരണം ആണോ എനിക്ക് ഒരു തണുപ്പ് അനുഭവപെട്ടു, ഞാനറിയാതെ എന്റെ കണ്ണ് ഒന്ന് നിറഞ്ഞുവോ ..

അര്‍ച്ചന കഴിച്ചു തീര്‍ഥവും പ്രസാദവു കിട്ടി, പിന്നെ ശീട്ടെഴുതിയ ചേട്ടനുമായി സംസാരിച്ചു, ദൂരെ നിന്ന് കണ്ണനെ കാണാന്‍ എത്തിയത് ആണെന്ന് അറിഞ്ഞപ്പോള്‍ ചേട്ടന്‍ അമ്പലത്തിന്റെ ഐത്യഹ്യം കുറച്ചു പറഞ്ഞു തന്നു, അത് കേട്ട് കൊണ്ട് വന്ന തിരുമേനിയും കൂടെ കൂടി, ചേട്ടന്‍ തന്ന ഭഗവാനു നേദിച്ച ഉണ്ണിയപ്പവും അര്‍ച്ചന പ്രസാദവുമായി പുറത്തിറങ്ങി, എന്തോ  മഴ ചാറുന്നത് പെട്ടെന്ന് മാറി...

 പതുക്കെ ഷര്‍ട്ട്‌ ഇട്ടു ചന്ദനം തൊട്ട് ഉപദേവതമാരെ കാണാനായി വലം വെച്ച് നടന്നു അപ്പോളും അവളെ ഓര്‍ത്തു, അവള്‍ നടക്കുന്ന കല്‍ വരികളിലൂടെ നടന്നു എല്ലാവരെയും തൊഴുത് അമ്പലത്തിനു വലം വെച്ച് കൊടിമരത്തിനു മുന്നില്‍ വന്നു, കുറെ നേരം അവിടെ നിന്നു, മനസ്സില്‍ എന്തൊക്കെയോ മാറി മറിഞ്ഞു.

 പുറത്ത് വന്നു കാറില്‍ കയറി അവള്‍ക്കു ഒരു നന്ദി പറഞ്ഞു മെസേജ് ഇട്ടു, അവള്‍ കാരണം ആണല്ലോ ഞാന്‍ ഇവിടെ വന്നത് ..വരുന്ന കാര്യം ആളോട് പറയണോ ന്നു ആലോചിച്ചിരുന്നു പിന്നീടു വേണ്ടാന്ന് വെച്ചു, അതാവും നല്ലത് എന്ന് തോന്നി, പക്ഷെ എന്റെ കണ്ണുകള്‍ അവിടെ എല്ലാം അവളെ തിരഞ്ഞിരുന്നു .. ഞങള്‍ ഇടയ്ക്കു പറഞ്ഞത്‌ പോലെ അതിനു സമയം ആയിട്ടുണ്ടാവില്ല...

വീണ്ടും കണ്ണന്‍ വിളിച്ചാല്‍ വരും എന്ന് മനസ്സില്‍ ചിന്തിച്ചു .....

കൃഷ്ണാ ....



Sunday, February 27, 2022

എന്‍റെ മിന്നാമിനുങ്ങ് .

 


എന്‍റെ മിന്നാമിനുങ്ങ് .

നീയില്ലാത്ത പകലുകൾക്ക് നീളം കൂടുന്നു ... രാത്രികൾക്കു ഇരുട്ടും ...

പകൽ സൂര്യന്‍റെ ചൂടിൽ ഒരുകിയ ഭൂമിയുടെ നെഞ്ചിൽ നിന്നുയരുന്ന ചൂടിൽ രാത്രി ഉറക്കം വിട്ട് നീ ഉണരുന്നതും കാത്ത് ഞാൻ ഉറങ്ങാതെ ഇരിക്കുന്നുണ്ട്  ഇവിട ഈ കരയിൽ ഒറ്റക്ക്

അങ്ങ്‌ അകലെ ബാങ്ക് വിളിയുടെ ഒച്ച കേൾക്കുന്നു ..

എന്റെ മനസ്സിൽ മെറൂൺ പാവാടയും വെള്ള ഉടുപ്പും ഇട്ടു മകര മാസത്തിലെ തണുപ്പിൽ നീ നടന്നു വരുന്ന രൂപം നിന്‍റെ മുറിയിലെ പതിവ് മിന്നാമിനുങിന്‍റെ വെട്ടം പോലെ തെളിയുന്നു ....

നിന്‍റെ ചിരി എന്റെ ഹൃദയമിടിപ്പു കൂട്ടുന്നു ...

ഇതൊന്നും അറിയാതെ പുഴ ഒഴുകി കൊണ്ടേ ഇരിക്കുന്നു ....

നിന്‍റെ കഥയിലെ വില്ലൻ ആകാൻ അല്ല ഞാൻ മോഹിക്കുന്നതു , അത് കൊണ്ട് മാത്രം .. അന്നും ഇന്നും എന്റെ സ്വപ്നങ്ങൾ ഒഴുകുന്ന പുഴയിൽ ഞാൻ മുക്കി കളയുന്നു .....മുങ്ങി നിവരുന്ന എന്‍റെ കണ്ണിലെ കണ്ണീരിനെ നീ പുഴ വെള്ളമായി കളിയാക്കുന്നത് ആണ് എന്റെ ജീവിതം ശൂന്യമാക്കുന്നത്

നിന്‍റെ മുറിയിലെ മിന്നാമിനുങ്ങായി എങ്കിലും എന്നെ പ്രകാശിക്കാൻ അനുവദിക്കില്ലേ


രാത്രിയുടെ അന്ത്യ യാമങ്ങളിൽ ഒറ്റപെടലിന്റ വേദനയും , നഷ്ടപെടലിന്‍റെ നിരാശയും ഒന്ന് ചേരുമ്പോൾ ആണല്ലോ മനസിന്റെ വേദനകൾ അക്ഷരങ്ങളായി പുറത്തേക്ക് വരുന്നത്....






Wednesday, February 24, 2021

അഹം

 







അഹം / ലൂയിസ് പീറ്റർ


നിള പോലെയാണിന്നു ഞാൻ

ഒഴുകാനാവുന്നില്ല

ആരോ എന്നെ കോരിയെടുക്കുന്നു

നിശ പോലെയാണിന്നു ഞാൻ

ഉറങ്ങാനാവുന്നില്ല

ഒരു നിലാവ്‌ എന്‍റെ മിഴികളിൽ

അണയാതെ നിൽക്കുന്നു

ചതിയനാണിന്നെന്‍റെ ദൈവം

അതിരാവിലെ

ഒരു കഠിന വേദന കരളിൽ തന്നു

മൊത്തിക്കുടിക്കേണ്ട

തൊട്ടുകൂട്ടാൻപോലും അല്പം

വിഷം തന്നില്ലയൊപ്പം

ഹേ, ബാംസുരി

നിന്റെ ഇടറിയ ജപശ്രുതി

ഇനിയുമെന്‍റെ കാതിൽ പകരരുത്‌ .


വസന്തം ഇങ്ങനെ ആണെങ്കില്‍ പൂക്കളോടുപോലും ഞാന്‍  കലഹിച്ചു പോകും....


Thursday, January 28, 2021

നിത്യവസന്തം


ചന്ദ്രകിരണത്തിൻ ശോഭയിൽ കണ്ടു ഞാൻ 

ചന്ദന നിറമുള്ള പ്രെകൃതി  തൻ രൂപത്തെ 

ആ നിറമേതും നിറഞ്ഞതെൻ ആത്മാവിൽ 

ശൂന്യതയിലേക്കൊരു വെള്ളി വെളിച്ചമായി 

നിറങ്ങളെ സ്നേഹിച്ചു നിന്നെയും സ്നേഹിച്ചു 

നിന്നിലലിയുന്നു നിറഞ്ഞ മനസുമായ്‌ 

സ്വീകരിക്കില്ലേ  നീ എന്നെ നിൻ 

നിറമുള്ള നിത്യവസന്തമായിത്തീരുവാൻ ...

Sunday, December 13, 2020

കാലം...

 






നിനക്കായ്‌ കരുതിയ പൂക്കൾ വാടി കൊഴിഞ്ഞു 

നീ ചൂടിയ പൂക്കൾ കരിഞ്ഞു ഉണങ്ങി 

ഒരുമിച്ചു നനഞ്ഞ മഴകൾ പെയ്തു തീർന്നു വെയിൽ നിറഞ്ഞു , കനവുകളും കിനാക്കളും വീണ്ടും വീണ്ടും തളിർക്കുന്നു 

ഇതൊന്നും അറിയതെ കാലം പായുന്നു 

നിലയില്ലാ കയത്തിൽ ഞാൻ ദിക്കറിയതെ ഇങ്ങനെ പൊങ്ങിയും താണും ....



Tuesday, September 22, 2020

അവനായ്......

 



അവനായ്...

പുതിയ ഓഫിസിലെ ജോലി തുടങ്ങിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ , എല്ലാം ഒരു ഓര്‍ഡര്‍ ആക്കി വരുന്നു , പുതിയ കുറെ ആള്‍ക്കാര്‍, പുതിയ ചുറ്റുപാട് അങ്ങനെ ഒക്കെ


അങ്ങനെ ഒരു ദിവസം ആണ് എനിക്ക് ആ കാള്‍ വരുന്നേ ബ്രാഞ്ച് ഓഫിസില്‍ നുന്നും അവന്റെ കാള്‍ , എന്തൊക്കെയോ ദേക്ഷ്യപെട്ട് പറഞ്ഞു ഞാനും അതേ രീതിയില്‍ മറുപടി കൊടുത്തു ,തലേ ദിവസത്തെ ഒരു റിപ്പോര്‍ട്ട്‌ന്റെ പ്രശ്നം ആണ് , പിന്നീടു തിരക്കിയപ്പോ ആണ് അറിഞ്ഞേ ബ്രാഞ്ചിലെ പഴയ സ്റ്റാഫ് ആണ് അവന്‍ എന്നെക്കാള്‍ പ്രായം കുറവ്, അങ്ങനെ കുറെ വിവരങ്ങള്‍


പുതിയ ഓഫിസ് അങ്ങനെ പരിചിതമായി വന്നു, അപ്പൊ ആണ് ബ്രാഞ്ചിലെ എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു സ്റ്റാഫ് ജോലി രാജി വെച്ചത് അപ്പൊ എന്നെ അവിടേക്ക് ട്രാന്‍സ്ഫര്‍ ചയ്തു അങ്ങനെ അവിടെ എത്തിയപ്പോ ആണ് അവനെ ആദ്യമായി കണ്ടത് , ഇരുണ്ട നിറം നല്ല മുടി , നല്ല ചിരിയും , എവിടെയോ മുന്‍പ് പരിചയപെട്ട മുഖം പോലെ..

അങ്ങനെ അവിടെ ജോലി തുടങ്ങി അവനുമായി കൂടുതല്‍ അടുത്തു, ഒരുമിച്ചു ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ തുടങ്ങി , അങ്ങനെ പതുക്കെ പതുക്കെ അവന്‍ എനിക്ക് ആരോക്കെയോ ആയി ............

ഒരു ദിവസം എന്തോ കാര്യത്തിന് എന്റെ കാബിനില്‍ വന്ന അവന്‍ പെട്ടെന്ന് എന്റെ കൈ എടുത്തു പൊക്കി ഉമ്മ വെച്ചു, വേണ്ടാന്നു പറയാന്‍ തോന്നാഞ്ഞതോ അതോ ഞാനും അത് ആഗ്രഹിച്ചിരുന്നോ ഇന്നും അറിയില്ല..

അങ്ങനെ ആ ബന്ധം കൂടുതല്‍ ആഴത്തില്‍ ആയി...

സ്നേഹം അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി ....മുന്‍ജന്മ്ങള്‍ ഒന്നയിരുന്നപോലെ ...ആരും അറിയാത്ത ആരോടും പറയാത്ത ഒരു സ്നേഹം ....

ഞങ്ങളുടെ അടുപ്പത്തിന്റെ ആഴം അറിയില്ലെങ്കിലും ആ അടുപ്പത്തില്‍ കുറെ അസൂയാലുക്കള്‍ ഉണ്ടായിരുന്നു അവര്‍ പല രീതിയിലും ഞങ്ങളെ തെറ്റിപ്പിക്കാന്‍ ശ്രെമിച്ചു കൊണ്ടിരുന്നു പലപ്പോഴും അതില്‍ അവര്‍ വിജയിച്ചു... അങ്ങനെ ഉണ്ടാക്കിയ അകല്ച്ചകള്‍ക്കിടയില്‍ ഞാന്‍ മനസിലാക്കി അവനില്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന് , ആ അകല്‍ച്ച ഉണ്ടാക്കിയ മുറിവ് എത്ര മാത്രം ആഴത്തില്‍ ഉള്ളതാണ് എന്ന്

അവനെ കാണാന്‍ ആയി മാത്രം ഓഫിസില്‍ വരുന്നു, അവന്റെ സമയത്തിനു അനുസരിച്ച് പുറത്ത് കാത്തു നിന്ന് മിണ്ടാന്‍ ആയി നോക്കിയിരിക്കുന്നു ...അവന്‍ പോകുന്ന ബസില്‍ തന്നെ കയറുന്നു ,അവന്റെ വീട് കണ്ടെത്തി അതിന്റെ ജാലകത്തിലേക്ക് വെറുതെ നോക്കി നില്ല്ക്കുന്നത് എനിക്ക് ഹരമായി, രാത്രികള്‍ ഉറക്കം ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നു, പക്ഷെ സ്നേഹത്തിനു എന്നായാലും എത്ര കാലം എടുത്താലും അടുത്തെ മതിയകു, എന്റെ അവനോടുള്ള സ്നേഹം സത്യം ആണെന്ന് അവന്‍ മന്സിലാക്കിയിട്ടാണോ അതോ .......

അവന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി ..പതിയെ വീണ്ടും അടുത്തു അപ്പോള്‍ ഒക്കെ പഴയ പ്രശ്നങ്ങള്‍ തലപൊക്കാന്‍ തുടങ്ങി ...വീണ്ടും അകലും ... അങ്ങനെ ഞാന്‍ ഒന്ന് തീരുമാനിച്ചു , പഴയ കാര്യങ്ങള്‍ അവനെ മനസിലാക്കി എടുക്കാന്‍ ശ്രെമിക്കുന്നതില്‍ കാര്യമില്ല , അതിലും നല്ലത് അവനെ പഴയതില്‍ കൂടുതല്‍ സ്നേഹിച്ചു എന്റെ ആക്കുന്നതാണ്‌ എന്ന്

അകന്നു ഇരിന്നപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനകള്‍ അവനറിയില്ലല്ലോ , അവനു പറയാന്‍ കുറെ കഴിഞ്ഞ കാര്യങ്ങള്‍ ആണെങ്കില്‍ എനിക്ക് ഇത് ജീവിതം ആണ് , മുന്നോട്ടുള്ള എന്റെ പാതയിലെ വഴിവിളക്കാണ്,

അവന്റെ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ നനയ്ക്കാതെ... മഴയത്ത് ഒരു കുടയുമായി , ഇരുട്ടില്‍ ഒരു മെഴുകിതിരിയായി, ഒറ്റക്ക് നില്‍ക്കുംബോള്‍ കാതില്‍ ഒരു വിളിയുമായി .. അങ്ങനെ എനിക്ക് കുറച്ചു സ്വകാര്യ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ അവന്‍ ഇനിയും വരും എന്ന വിശ്വാസം ഉള്ള കാലത്തോളം മാത്രം.....ഈ ജീവിതം ഇനിയും ആ മഴയത്ത്...... ആ ഇരുട്ടില്‍ ഏകനായായ് ഞാന്‍....

ഒരു ആണിനെ ആണ് സ്നേഹിച്ചാല്‍ അല്ലെങ്കില്‍ അങ്ങനെ ഉള്ള സ്നേഹവും അംന്ഗീകരിക്കുന്ന ഒരു കാലം വരില്ലേ.... ഇത് ഒരു ഉദയമാണോ അസ്തമയമാണോ .... 

ആവോ......


അവനു വേണ്ടി....അവനായ് ....................

Sunday, June 7, 2020

എന്റെ തേവരേ





സീറ്റിന്റെ അടിയിലേക്ക്‌ ഒരു ബാഗ്‌ നീക്കിവെച്ചിട്ട്‌ ചെറിയ ബാഗുമായി അപ്പർ ബർത്ത്‌കയറി അതു തലക്കൽ വെച്ച്‌ അങ്ങനെ കിടന്നു , കാഴ്ച്ചകൾ മുന്നില്‍ലെന്നാപോലെഓടിമറയുന്നു .....
ഇന്നലെ വൈകിട്ട്‌ അമ്പലകടവിലെ കുളിയും കഴിഞ്ഞു തേവരെയും തൊഴുത്‌ കുറച്ച്‌ നേരം ആൽത്തറയിൽ ഇരുന്നു , ദീപാരധന പുറത്തുനിന്നു തൊഴുതിട്ടു  കവലയിലേക്ക്‌ നടന്നു ..എതിരെ കാൽത്തളകിലുക്കി ഓടിവരുന്ന  കൊച്ചുസുന്ദരിയെ നോക്കി , കൂടെ ഉള്ള ആളിനെ നോക്കിയപ്പോൾ ഞാൻ ഒന്നു ഉലഞ്ഞോഅവളും പെട്ടന്നു കണ്ടതിന്റെ ഞെട്ടലിൽ ഒന്നു ചിരിച്ചുവോ ,  അമ്മ സാദനങ്ങൾ മേടിക്കാൻ തന്ന ലിസ്റ്റ്‌ ഉണ്ടെന്നു പോക്കറ്റിൽ ഒന്നൂടി  തപ്പി ഉറപ്പു വരുത്തി , 
ഇപ്പോൾ ഇവിടുത്തെ വഴി വിളക്കു കത്തുന്നല്ലോ.... , അവളോട്‌ അവസാനം സംസാരിച്ചതു ഇവിടെ വെച്ചാണു , അവൾ കണ്ണുതുടച്ചു പോയതു ഇപ്പോളും ഇന്നലെ കഴിഞ്ഞപോലെ ഓർമ്മയിൽ ...

എം  ഇംഗ്ലീഷിൽ കോളേജ്‌ ടോപ്പർ ആണെക്കിലും മാറിൽ കിടക്കുന്ന പൂണുലിന്റെബലം കൊണ്ടു ജോലിയില്ലാതെ അലയുന്ന കാലത്താണു കുറുപ്പ്‌ സാർ പറഞ്ഞതു വന്നു ടുട്ടോറിയലിൽ കുട്ടികൾക്ക്‌ നാലു വാക്ക്‌ പറഞ്ഞു കൊടുത്ത്‌ കൂടെ എന്നു , കുറുപ്പു സാർ എന്നെയും പടിപ്പിച്ചിട്ടുണ്ട്‌ , അങ്ങനെ അവിടെ പോകാൻ തുടങ്ങി 

അച്ചന്റെ കൂടെ വിശേഷദിവസങ്ങളിൽ തേവരെ പൂജിക്കാൻ പോകാറുണ്ടയിരുന്നു , തേവരുടെ പടച്ചോർ കൊണ്ടു ആണു അമ്മയും ഞാനും ഓപ്പോളും അച്ചനും അച്ചമ്മയും കഴിഞ്ഞിരുന്നെ ..അന്നു തേവരുടെ മുന്നിൽ ആണു ആ പാദസ്വരകിലുക്കം ആദ്യമായി കേട്ടതു , വാര്യ്ത്തെ  കുട്ടി , തേവർക്ക്‌ സ്ദിരായിതുളസിമാല കെട്ടികൊടുക്കും , കയ്യിൽ പ്രസാദം കൊടുക്കുംബോൾ തേവരെകൂടതെ എന്നെയും തൊഴുതു ,ഒരു ചിരിയും തന്നു ......

പിന്നീട്‌ കവലയിൽ ബസ്സ്‌ കയറാൻ നിന്നപ്പോൾ ആണു കണ്ടതു , കൂടെ ഉള്ള കൂട്ടുകാരൻ പറഞ്ഞു അറിഞ്ഞു പട്ടണത്തിൽ ഞാൻ പടിച്ച കോളേജിൽ ആണുപടിക്കുന്നെ എന്നു , ഞാൻ കണ്ടതായി ഓർക്കുന്നില്ല , പിന്നീട്‌ അവൾക്ക്‌ എന്നെ കോളേജിൽ വെച്ച്‌ അറിയാം എന്നു പറഞ്ഞിട്ടുണ്ടു 
പിന്നിട്‌  കാഴ്ച്ച പതിവായി ,പ്രസാദം കൊടുക്കലും......., അർച്ചന ക്കു പേരുപറഞ്ഞപ്പോൾ ആണു അറിഞ്ഞതു രോഹിണി , പേരും നാളും അതു തന്നെ ...
ഇടക്ക്‌ മൂന്നുനാലു ദിവസം കാണതെ പിന്നിടു വന്നപ്പൊ എവിടെ ആരുന്നു  എന്നുചോദിച്ചപ്പൊ ഒന്നും മിണ്ടാതെ പുറത്തേക്ക്‌ നടന്ന അവളുടെ പുറകെ ഞാനും പോയിചെരുപ്പ്‌ ഇട്ടുകൊണ്ടു അവൾ എന്നെ നോക്കാതെ പറഞ്ഞു പെൺകുട്ടികൾക്ക്‌ ചിലദിവസങ്ങളിൽ തേവരേ കാണാൻ വന്നു കൂടാന്നു കൊച്ചു തിരുമേനിക്ക്‌ അറിഞ്ഞുകൂടെ....

പിന്നിടു ഒരുനാൾ കത്താത്ത  വഴിവിളക്കിനു മുന്നിൽ വെച്ചാണു ഇഷ്ടം തുറന്നുപറഞ്ഞതും , പടിത്തം കഴിയുന്നേനു മുന്നെ കല്യാണം ഉറപ്പിക്കാൻ പോണു എന്തെക്കിലും ചെയ്യണം എന്നു അവൾ പറഞ്ഞതും  വഴി വിളക്കിന്റെ ചുവട്ടിൽവെച്ചാണു , അന്നും അത്‌ കത്തിയിരുന്നില്ല , 

ഓപ്പോൾ ആണു അച്ചനോട്‌ കാര്യ്ം പറഞ്ഞത്‌ , വാര്യരുകുട്ടിയെ ഇല്ലത്തു കയറ്റാൻ പൂണൂലിന്റെ തടസം അല്ല അച്ചൻ അമ്മയൊടു പറഞ്ഞെപകരം അഞ്ചു വയർനിറയാൻ തേവരുടെ പടച്ചോർ അല്ലാതെ വേറെ എന്തുണ്ടു , ഓപ്പൊളി നെ ആരുടെയെങ്കിലും കയ്യിൽ  എൽപ്പിക്കണ്ടെ അതിനൊക്കെ അവനു കഴിയുമെങ്കിൽവിളിച്ചൊണ്ടു വന്നോട്ടെ .
അച്ചൻ പറഞ്ഞ വാക്കുകൾ കുനിഞ്ഞ മുഖത്തൊടെ അവളൊടു പറഞ്ഞപ്പോളും വഴിവിളക്കു കത്തിയിരുന്നില്ല , ഒന്നും പറയാതെ അവൾ  നടന്നകന്നപ്പോൾ കണ്ണുകൾനിറഞ്ഞു തുളുംബിയതു ഞാൻ കണ്ടില്ലന്നു വെച്ചു തിരികെ നടന്നു ....

തീവണ്ടിയുടെ നീട്ടിയുള്ള ചൂളം വിളിയിൽ ഉണർന്നു നോക്കിയപ്പോ താഴെ ചായകൊടുക്കുന്നു , തഴെ ഇറങ്ങി ഒരു ചായ മേടിച്ച്‌ കുടിച്ചു കൊണ്ട്‌  വേഗത്തില്‍ മാറിമറിയുന്ന കാഴ്ച്ചകളിലേക്ക്‌ നോക്കിയിരുന്നു 

രാജ്യസേവനത്തിനു ജാതി വേർതിരിവ്‌ വന്നിട്ടില്ലാത്തകൊണ്ടു പൂണൂലിട്ട ഞാൻ ഇപ്പൊ പട്ടാളക്കാരൻ ആയി.

 അങ്ങനെ ഓപ്പൊളിന്റെ വേളി നടത്തി തിരികെ വീണ്ടും അതിർത്തിയിലേക്ക്‌ ......

ജയ്‌ ജവാന്‍ !

Tuesday, May 26, 2020

ഓർമ്മകൾ




ഏന്റെ വരകളിൽ നിന്റെ ഓർമ്മകൾ...

നിന്റെ ഒരു വിളിക്കായി കാത്തിരിക്കുന്ന എന്റെ വിരൽ തുംബിലെ വരികളെ,  ഞാൻ വരകളാക്കി വരച്ചതൊക്കെയും നിന്റെ ചിത്രങ്ങൾ ആയിരുന്നു , നിന്റെ ചിരിയുടെപ്രകാശത്തിൽ എന്റെ വരകൾക്കൊക്കെയും നിറങ്ങൾ ഉണ്ടായി , പകലുകളും രാത്രികളും സുന്ദരമായി , ചുട്ടുപൊള്ളുന്ന വെയിൽ എന്റെ നെഞ്ജിലെ ചൂടിൽ നീരാവിയായി , മഴ എനിക്കു ലഹരിയായതും നീ കൂടെ ഉള്ളപ്പോൾ ആയിരുന്നു ....

നീ ഇല്ലാത്ത പകലുകൾക്കു നീളം കൂടി , രാത്രിക്കു കറുപ്പും . ഇന്നു  കറുപ്പിൽ വരച്ചതൊക്കെയും മായിക്കുവാണു ഞാൻ .

നിന്റെ കാലുകള്‍ മായിച്ചപ്പോൾ നമ്മൾ ഒരുമിച്ചു നടന്ന വഴികൾ ഒക്കെയും എന്റെമുന്നിൽ തെളിഞ്ഞു വരുന്നു ...
കൈകൾ മായിച്ചപ്പോൾ നീ ചൂണ്ടി കാണിച്ച കാഴ്ച്ചകൾ തെളിയുന്നു , മാറിടം മായിച്ചപ്പോൾ എന്റെ നെഞ്ജിടുപ്പു കൂടി കൂടി വരുന്നു , കഴുത്തിൽ കൂടി ഒലിച്ചു ഇറങ്ങിയ നിന്റെ വിയർപ്പുതുള്ളികൾ എന്റെ വരയെ പടർത്തി , ചുണ്ടു മായിച്ചപ്പോൾ നീ പാടി തന്ന പാട്ടുകൾ എന്റെ ചെവിയിൽമുഴങ്ങുന്നു , മുടി മായിച്ചപ്പോൾ ഞാൻ ചൂടി തന്ന തുളസികതിർ ഊർന്നു തഴെവീണു ,  നെറ്റിയിൽ ഞാൻ ഇട്ട ചന്ദനത്തിന്റെ മണം എന്റെ മൂക്കിൽ തുളച്ചുകയറുന്നു ....

പക്ഷെ എത്ര മായിച്ചിട്ടും നിന്റെ കണ്ണുകൾ മാത്രം മായുന്നില്ല , എനിക്കു മായിക്കാൻപറ്റുന്നില്ല .... കാരണം അതു ഞാൻ വരച്ചതു എന്റെ കൈകൾ കൊണ്ടല്ല, മനസുകൊണ്ടാണുമായാതെ ബാക്കി നിന്ന കണ്ണിൽ കൂടി മായിച്ചവരകളൊക്കെയും തെളിഞ്ഞു വരുന്നു ....
ഓർമ്മളിൽ എന്ന പോലെ ....


Monday, April 20, 2020

എന്റെ മഴക്കിനാവുകൾ


എന്റെ മഴക്കിനാവുകൾ 


കാലം തെറ്റിവന്ന മഴയെ ശപിച്ച്‌ നനയാതിരിക്കാൻ ഇടവഴിയിലൂടെ അവൻ ഒാടി 
 ഇടവഴിയും കടന്നു മുന്നിലെ പറമ്പിൽ കൂടി വേണം പാടത്ത്‌ എത്താൻ
പാടവും കടന്നു പിന്നെയുള്ള കപ്പത്തോട്‌ കഴിഞ്ഞാൽ പെട്ടെന്നു വീടെത്താം,
ഒരു കൈ പോക്കറ്റിലെ നാണയത്തുട്ട്‌ തെറിച്ചു പോകതിരിക്കാനും മറ്റേ കൈ കൊണ്ട്‌ മുണ്ടിലും പിടിച്ച്‌ഓടുന്നതിനിടയിൽ അവൻ കണ്ടു അവളെ .......

ഇടവഴിയിലെ കൈയ്യാലയിൽ പറ്റിപിടിച്ചിരിക്കുന്ന മഴത്തണ്ടിനെ പറിച്ചെടുത്ത്‌ കൈയ്യിൽ വെച്ചു പതിപ്പിക്കുന്നു .. മഴത്തുള്ളി വീണു അവളുടെ മുഖം നനഞ്ഞു ചുവന്നിരിക്കുന്നു , കാലിലെ വെള്ളിക്കൊലുസിലെ മണികളുംമഴത്തുള്ളികളും ഒരുപോലെ കിലുങ്ങുന്നു ...
ഇടവഴിയിലൂടെ ഒഴുകിയെത്തിയ വെള്ളത്തെ കാലുകൊണ്ട്‌ തട്ടിതെറുപ്പിച്ചു നടക്കുന്നതിനിടയിൽ അവളും കണ്ടുപിറകിലായി അവനെ ...

മുണ്ട്‌ ഒന്നുടി മടക്കി കുത്തി പതുക്കെ അവൻ നടന്നടുത്തു അവളുടെ കൈയ്യിൽ പിടിച്ചു , കൈയ്യിലെയും മഴത്തണ്ടിലെയും വെള്ളം അവൾ അവന്റെ മുഖത്തേക്കു കുടഞ്ഞു , അവളുടെ കൈയ്യിലെ കുപ്പി വളകളുടെകിലുക്കവും കണ്ണിലെ നോട്ടവും ചുണ്ടിലെ കിന്നാരവും  മഴത്തുള്ളിക്കിടയിലൂടെ അവൻ കേട്ടു ....

അവളുടെ കൈയ്യും പിടിച്ചു ഇടവഴിയും കടന്ന്   പാടവരംമ്പിലൂടെ അവൻ  നടന്നുമഴയും  വരംമ്പും ഒരിക്കലും തീരല്ലേ എന്ന ആശയോടെ ...
അവളും അതു തന്നെ ആയിരിക്കില്ലേ ആഗ്രഹിക്കുന്നേ ....

ശപിച്ച മനസിനെ കൊണ്ടു സ്നേഹിപ്പിക്കുന്ന എന്തൊ ഒരു മായ കൊണ്ടു നടക്കുന്ന  മഴ ഒന്നുമറിയാത്തതുപോലെ പെയ്തുകൊണ്ടേയിരുന്നുനിറഭേദങ്ങളില്ലാതെ...

കാലംതെറ്റിയതു മനുഷ്യ്നോ അതൊ മഴക്കോ..........




Friday, April 10, 2020

മഴ







പെരുമഴയത്ത്‌ കുടയും പിടിച്ച്‌ ഒറ്റക്ക്‌ നടക്കണം....
പച്ച മൺപാതയിലൂടെ ....
മഴയോട്‌ പരിഭവം പറയാംകിന്നരിക്കാംദേഷ്യ്പെടാം , 
ഉറക്കെ കരയുബോൾ ആരുമറിയതെ നമ്മുടെ കണ്ണുനീരിനെ മഴ അവളുടെതാക്കും  അപ്പോൾ മഴയെ പ്രേമിക്കാം... കയ്യില്‍ കോരിയെടുക്കാം ..കഥകള്‍ പറയാം ...


എന്റെ കൽ വിളക്ക്‌




സന്ധ്യക്ക് നാട്ടിൻ പുറത്തെ മായ കണ്ണനെ കാണാൻ പോയ്ട്ടുണ്ടോ "...

ആളും ആരവവും ഇല്ല , കൂത്തും കൂടിയാട്ടവും ഇല്ല
ആനയും അമ്പാരിയും ഇല്ല , താലപൊലിയില്ല 


നിറശോഭയിൽ കത്തി നിൽക്കാൻ ഉത്സവങ്ങളും ഇലക്ട്ര്ക്ക്‌ വെളിച്ചവും ഇല്ലാതെ അവൾ ....
ഒറ്റ തിരിയിൽ കത്തി നിൽക്കുന്ന അവൾക്ക്‌   എന്തൊരു ഭംഗി ആണു 
അവളെ കാണാൻ വേണ്ടി മാത്രം അല്ലെ കണ്ണൻ മിഴികൾ തുറക്കുന്നെ...
എനിക്കും അവളേ ഇഷ്ടമാണു അല്ല അവളോട്‌ പ്രേമം ആണു..
അവൾ. .. "കൽവിളക്ക്‌
ഒറ്റ തിരിയിൽ അവളുടെ നാണം തുളുംബിയുള്ള നോട്ടം,അരയാൽത്തറയിൽ ആകാശംനോക്കി കിടക്കുന്ന എന്നെ അല്ലേ...
ഉത്സവങ്ങളിൽ നൂറ്റിയൊന്ന് തിരിയിൽ കത്തി നിൽക്കുംബോൾ അവൾക്കുള്ള ആപേടി ഇന്നില്ല
പകരം ഒറ്റത്തിരിയിൽ  നാണത്തോടെ ആണു അവൾ എന്നെ നോക്കുന്നെ..
ഞാനോ അവളുടെ നോട്ടം കണ്ടില്ല എന്നു നടിച്ച്‌ അരയാലിൽ ചേക്കേറാൻ വന്നആലിലക്കുരുവിയിൽ കണ്ണെറിഞ്ഞു...
അതു അവൾക്‌ ഇഷ്ടായില്ല ....  അതു മനസിലാക്കിയ കാറ്റ്‌ അവളെ തലോടാൻ ഓടിവന്നു .. അവൾ  കാറ്റിൽ ഒന്നു ആടിയുലഞ്ഞു കരഞ്ഞു , അവളുടെ കണ്ണിൽ നിന്നുംകണ്ണൂനീർ എണ്ണ ഊറി ഇറങ്ങി

ആൽത്തറയിൽ നിന്നും ഞാൻ ഓടിയടുത്ത്‌ രണ്ട്‌ കൈകൊണ്ടും അവളെ ചേർത്ത്‌ പിടിച്ചു
അവളുടെ നെഞ്ജിലെ ചൂട്‌ എന്റ്‌ കൈയ്യിലും മുഖത്തും ഉമ്മ വെച്ചു....അമ്പല  കുളത്തിലെ തവളകൾ നാണത്തോടെ മുങ്ങിയൊളിച്ചു...

അവളുടെ മുടിയിൽ ഞാൻ ഒരു കർപ്പൂരം ചൂടിച്ചു
നാണത്താൽ അവൾ കൂടുതൽ പ്രകാശിച്ചു 
അവളുടെ ശോഭയിൽ അകത്ത്‌ ശ്രീകോവിലിൽ കണ്ണൻ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു
 മായ യിൽ ഞാൻ തൊഴുതു നിന്നു.....
എന്റെ കൽ വിളക്കിനു മുന്നിൽ......



Saturday, August 30, 2008

നമസ്തേ


നമസ്തേ – മഹത്തായ അഭിവാദനരീതി


ഹൈന്ദവസംസ്കാരത്തിന്റെ അതിശ്രേഷ്ടമായ , വിസ്മയകരമായ സംഭാവന .
ലളിതവും അതിശക്തവുമായ സമീപനതന്ത്രം. സാമൂഹിക വൈകാരിക ആത്മീയ തലങളില്‍
സമയാതീതബന്ധങള്‍ക്കു നല്ലൊരു തുടക്കം

ഇരുകൈവിരലുകളും ചേറ്ത്തു , കൈമുട്ടുകള്‍ മടക്കി , കൈകള്‍ ഹ്രുദയത്തോടു ചേറ്ത്തു തലകുനിച്ചു, നമസ്തേ എന്നുച്ചരിക്കുന്ന ഈ അഭിവാദനരീതി ഭാരതീയറ്ക്കു മാത്രം സ്വന്തമത്രേ !! ഹൈന്ദവ സംസ്കാരത്തില്‍ ആക്രുഷ്ടരായി അതിലെക്കിറങിച്ചെല്ലാന്‍ വെമ്പുന്ന പലരുടെയും തുടക്കം ഈ അഭിവാദനരീതി തന്നെ. വളരെ ലളിതവും ആകറ്ഷകവുമായ ഹ്രുദയഭാഷയിലുള്ള ഈ അഭിവാദനം അതിഗുഹ്യവും അതിവിപുലവുമായ പ്രപഞ്ചതത്വങളുടെ പ്രതിഫലനമത്രെ .

നമ : , തേ – ഈ രണ്ടു സംസ്ക്രുത പദങളുടെ സംയോജിതഫലമാണു നമസ്തേ
ന : നിഷേധിക്കുക , മ : അഹം
നമ; അഹം ഇല്ലായ്മ
മ: മരണം പ്രതിനിധീകരിക്കുന്നെങ്കില്‍ നമ: മരണമില്ലായ്മ അതായതു അമരത്വം ആണല്ലൊ !
നമ; അഹംഭാവതിന്റെ തിരോധാനതോടൊപ്പം സര്‍വ്വം ഈശ്വരമയം സര്‍വ്വം ബ്രഹ്മം എന്ന തത്വം പ്രതിഫലിപ്പിക്കുന്നു .

നമസ്തേ സര്‍വ ചരാചരങളിലും വിളങുന്ന ദ്വൈതഭാവമില്ലാത്ത ബ്രഹ്മത്തെ തിരിച്ചറിഞു അംഗീകരിച്ചു വണങുന്നു.

നമസ്തേ – സാമൂഹിക പ്രസക്തി

വ്യക്തികള്‍ കണ്ടുമുട്ടുംബോളും പിരിയുംബോളും ഉപയോഗിക്കുന്ന അഭിവാദനം എന്നതിലുപരി പരസ്പരസമത്വം ഹ്രുദയപൂര്‍വം അംഗീകരിക്കുകയും പരസ്പരബഹുമാനം പ്രകടിപ്പിക്കുകയും കൂടി ചെയ്യുന്നു നമസ്തേ . അങനെ ആരോഗ്യകരമായ ആത്മാറ്തമായ സന്തോഷപ്രദമായ വ്യക്തിബന്ധങള്‍ ഉടലെടുക്കുന്നു.
സമത്വം സറ്വാത്മനാ അങീകരിച്ചാല്‍ പിന്നേ ബന്ധങള്‍ എത്ര പവിത്രം !! അസൂയയില്ലാ, മത്സരങളില്ലാ- പാവനസ്നേഹം മാത്രം .

വ്വൈകാരികമായി, പരിപൂര്‍ണ സംത്രുപ്തി പ്രദാനം ചെയ്യുന്ന ഒരു മുദ്രയായിത്തന്നേ നമസ്തേ പരിഗണിക്കാം .പരിപൂര്‍ണതക്കു വിനയാന്വിത പ്രണാമം .

നമസ്തേ യുടെ ആത്മീയ തലം അതി വിപുലമത്രെ !
പരസ്പരപൂരകങലായി വര്‍ത്തിക്കുന്ന അനേകകോടി തത്വങളുടെ ശ്രുംഖലയാണല്ലൊ ഈ പ്രപഞ്ചം ! ഈ പരസ്പരപൂരകശ്രുംഖലകള്‍ ഒന്നുചേരുംബോള്‍ അദ്വൈതം പ്രകാശിക്കുന്നു.
സര്‍വോത്ക്രുഷ്ട ഉദാഹരണം അറ്ദ്ധനാരീശ്വരസങ്കല്പം തന്നേ.പ്രപഞ്ചസ്രുഷ്ടാക്കളായ ശിവനും ശക്തിയും ! സ്രുഷ്ടിരൂപിണിയായ ശക്തി സംഹാരരൂപനായ ശിവനോടു ചേരുന്ന സംതുലിതാവസ്ത്ത പ്രപഞ്ചസ്രുഷ്ടിക്കു വഴിയൊരുക്കുന്നു .അതിപാവനമായ സംയോഗം .താണ്ടവലാസ്യ സംയോഗം കാരണമാകുന്നതൊ – അത്യത്ഭുതകരമായ പ്രപഞ്ചത്തിന്റെ നിതാന്തകമ്പനങള്‍ക്കു.


യോഗശാസ്ത്രപരമായി ചിന്തിക്കുംബൊള്‍ നമസ്തേ മൂന്നുതലങളിലും വ്യാപരിക്കുന്നു.മനസാ വാചാ കറ്മണാ.. ഉത്ക്ക്രിഷ്ടമായ ഒരു ധ്യാനതന്ത്രം കൂടിയാണു നമസ്തെ.



മനസ്സാ വാചാ കറ്മണാ..


മനസ്സിന്റെ സമ്പൂര്‍ണ സമറ്പ്പണം , ദ്വൈതഭാവത്തിന്റെ തിരോധാനം, സറ്വരിലും നിറഞു നില്‍ക്കുന്ന പരബ്രഹ്മത്തെ സാഷ്ടാംഗം പ്രണമിക്കല്‍ , ഇതൊക്കെ നമസ്തെ മാനസീകതലത്തില്‍ സാധൂകരിക്കുന്നു.

നമസ്തേ എന്ന പദത്തിന്റ്റെ ആത്മാര്‍ത്തമായ ഉച്ചാരണം മന്ത്രസമാനം പരിപാവനമാണു.അതു പ്രപഞ്ചകംബനങള്‍ക്കൊപ്പം ലയിച്ചു മനശ്ശാന്തി ഉളവാക്കുന്നു.

നമസ്തേ യിലെ അഞ്ജലി മുദ്ര - അഞ്ജു ഇടതു കൈവിരലുകള്‍ പ്രതിനിധീകരിക്കുന്ന അഞ്ജു കര്‍മേന്ദ്രിയങളുടെയും അഞ്ജു വലതുകൈവിരലുകള്‍ പ്രതിനിധീകരിക്കുന്ന ജ്നാനേന്ദ്രിയങലുടെയും സംയോഗം.പരസ്പരപൂരകങളായ ഇവയുടെ സമയോചിത സംയോഗം കൊന്ടു മാത്രമെ ആത്മീയ പുരൊഗതി കൈവരിക്കാനാവൂ.


ഹൈന്ദവതത്വശാസ്ത്രത്തില്‍ മാത്രമല്ലാ 10 പരിപൂര്‍നതയുടെ പ്രതീകമായി കണക്കാക്കുന്നതു.
മോശയുടെ 10 കല്‍പ്പനകള്‍ ഒരുദാഹരണം മാത്രം .പൈതഗോരിഅന്‍ തത്വശാസ്ത്രത്തില്‍ 10 സകലസ്രുഷ്ടിപ്രതീകമത്രേ.ചൈനീസ് സംസ്കാരത്തിലും 10 , സമ്പൂര്‍ണ സംതുലിത സങ്ഖ്യ ആയി കണക്കാ‍ക്കുന്നു.

പ്രായോഗികമായി ചിന്തിച്ചാല്‍ പരസ്പരപൂരകതത്വങളുടെ സംയോഗം –അതുളവാക്കുന്ന ദ്വൈതത്തിന്റെ തിരോധാനം , അതാണു നമസ്തേ പ്രതിഫലിപ്പിക്കുന്നതു.
സമസ്ത ജീവിതപ്രക്രിയകളിലും സര്‍വ പ്രപഞ്ചതത്വങളിലും അന്തര്‍ലീനമായ പരമോന്നതതത്വം – അദ്വൈതം , അതിന്റെ പരിപൂര്‍ണ പ്രതിഫലനം നമസ്തേ .

( കടപ്പാട് : നിനക്കു മാത്രം  , ആവോ......ആവോക്ക് എത്ര വാല്‍  )